ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ഏ.ഡി 900-ാം ആണ്ടില്‍ തിരു-കൊച്ചി മേഖലയെ വിവിധ പ്രവിശ്യകളായി കുലശേഖര ഭരണാധികാരി വിഭജിക്കുകയും, ഇപ്രകാരം രൂപീകൃതമായ തൊടുപുഴ, മൂവാറ്റുപുഴ പ്രവിശ്യകളിലുള്‍പ്പെട്ട കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു കീരംപാറ പഞ്ചായത്ത് പ്രദേശങ്ങള്‍. ചേരമാന്‍ പെരുമാളിന്റെ ഭരണാധിപത്യത്തില്‍ ആഴ്വര്‍ തമ്പ്രാക്കളുടെ കോട്ടയായിരുന്ന ചേലമലപ്രദേശം ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. വനപ്രദേശമായി മാറിക്കഴിഞ്ഞിട്ടുള്ള ഈ പ്രദേശത്ത് ഇപ്പോഴും കോട്ടയുടെ അവശിഷ്ടങ്ങളും മറ്റും കാണാന്‍ കഴിയുന്നതാണ്. ചേലമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന കളപ്പാറ, പുറപ്പാറ എന്നിവ മെതിക്കളങ്ങളായി ഉപയോഗിച്ചിരുന്നതായി കാണാം. രാജഭരണകാലത്ത് രാജാക്കന്‍മാരും ഭരണാധികാരികളും വേനല്‍ക്കാല സുഖവാസത്തിന് മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന രാജവീഥിയായ പഴയ ആലുവ-മൂന്നാര്‍ റോഡ് ഈ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ കടന്ന് പോകുന്നു. ലോകപ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം വഴി കടന്ന് പോകുന്നതാണ് പഴയ ആലുവ മൂന്നാര്‍ റോഡ്. പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പെരിയാറിന് കുറുകെ കുതിരവണ്ടികള്‍ കടക്കാന്‍ ചങ്ങാടം ഉപയോഗിച്ചിരുന്നു. ഇന്നും ഈ കടവിലെ കടത്തിന് കുതിരചങ്ങാടം എന്നാണ് പറയുന്നത്.കുടിയേറ്റ മേഖലയായ ഈ പഞ്ചായത്തില്‍ ജനവാസം ആരംഭിച്ചിട്ട് 150 വര്‍ഷത്തിലധികമായി. ഇവിടത്തെ പ്രധാന കൃഷികള്‍ നെല്ല്, ചാമ, കരിമ്പ്, പഞ്ഞപുല്ല്, ഇഞ്ചിപ്പുല്ല് തുടങ്ങിയവയായിരുന്നു. ഒരു വര്‍ഷത്തേക്ക് വേണ്ടിയിരുന്ന സാധനങ്ങള്‍ അന്ന് തൃക്കാരിയൂര്‍ അമ്പലപരിസരത്ത് വച്ചാണ് കച്ചവടം നടത്തിയിരുന്നത്. കാളവണ്ടി, പോത്തുവണ്ടി എന്നിവ ആയിരുന്നു അന്നത്തെ വാഹനങ്ങള്‍. വിളവെടുപ്പുകാലത്ത് പോത്തുനോട്ടക്കാരന് പോത്തുകണ്ടം എന്ന പേരില്‍ ഒരു കണ്ടം കൊടുത്തിരുന്നു. ഇത് മറ്റു തൊഴിലാളികള്‍ കൃഷിചെയ്ത് കൊയ്ത് മെതിച്ചുകൊടുക്കണമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയിരുന്ന നീതിന്യായപരിപാലനത്തിന് പറവൂര്‍ സെഷന്‍സ് കോടതിയില്‍ അസ്സസ്സര്‍ (ജൂറി) ആയി ഈ ഗ്രാമത്തിലെ എം.കെ.പൈലി നിയമിതനായിരുന്നു. ഈ കുടിയേറ്റ ഗ്രാമത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രം നൂറ് വര്‍ഷം മുന്‍പ് പ്രൈറ്റര്‍ സായിപ്പും, എം.ആര്‍.കിട്ടു മേസ്തിരിയും കൂടി കണ്ടെത്തിയ പാലമറ്റം ശിവക്ഷേത്രമാണ്. ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം വെളിയേല്‍ചീലിലുള്ള സെന്റ് ജോസഫ്സ് ചര്‍ച്ചാണ്. പഞ്ചായത്തിലെ ആദ്യസ്കൂളായി ഊഞ്ഞാപ്പാറയിലുള്ള എം.റ്റി.എല്‍.പി.എസ് മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1920-ല്‍ സ്ഥാപിക്കപ്പെട്ടു. 1950 മുതല്‍ തന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യം ഇവിടെ ദൃശ്യമായിരുന്നു. പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രവര്‍ത്തനം ഈ ഗ്രാമത്തില്‍ മുന്‍ കാലം മുതലേ ആരംഭിച്ചിരുന്നു. 1984-ല്‍ കീരംപാറ പഞ്ചായത്തിനെ ഒരു ഗ്രാമോത്സവപഞ്ചായത്തായി പ്രഖ്യാപിച്ചുവെങ്കിലും അന്ന് കാര്യമായനേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. ഗ്രമോത്സവത്തോടനുബന്ധിച്ച് മുന്‍ ഇന്‍ഡ്യന്‍ പ്രസിഡന്റ് സര്‍വ്വശ്രീ ഗ്യാനി സെയില്‍ സിംഗിന്റെ സാന്നിദ്ധ്യത്തില്‍ 175 ജോഡി വധൂവരന്‍മാര്‍ വിവാഹിതരായി എന്നത് എടുത്ത് പറയത്തക്ക ഒന്നാണ് ഏഷ്യയിലെ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്. നൂറ്റാണ്ടുകളുടെ സാംസ്ക്കാരിക ചരിത്രം ഈ ഭൂവിഭാഗത്തിനുണ്ട്. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഈ കുടിയേറ്റ മേഖലയില്‍ പുതിയതായി സംസ്കാരം ഉടലെടുത്തിട്ട് ഏകദേശം ഒന്നരനൂറ്റാണ്ടോളമായി. ആദ്യ കാലങ്ങളില്‍ പലനാടന്‍ കലകളും ഇവിടെയുണ്ടായിരുന്നു. ചവിട്ടു നാടകം, മാര്‍ഗംകളി, കിളിപ്പാട്ട്, കൊയ്തുപാട്ട്, ശാസ്താംപാട്ട്, പരിചമുട്ട്, നാടകം എന്നീ നാടന്‍ കലകള്‍ ഇവിടെയുണ്ടായിരുന്നു. കീരംപാറ വിളയേക്കാട്ട് ഭഗവതി ക്ഷേത്രം, പാലമറ്റം ശിവക്ഷേത്രം, പെരുമണ്ണൂര്‍ ശിവക്ഷേത്രം, പൂറപ്പാറ ഭഗവതി ക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ നാടന്‍ കലകള്‍ വളര്‍ച്ച പ്രാപിച്ചത്.